Monday, November 9, 2009

ആഗോളവല്‍ക്കരണ കാലത്തെ SFI കമ്മ്യൂണിറ്റി !!!

'കോളറ കാലത്തെ പ്രണയം' വിശ്വ സാഹിത്യത്തിന്റെ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ളത്‌. തലക്കെട്ടില്‍ അതിനോട് സാമ്യം പുലര്‍ത്തുന്ന പുസ്തകമാണ് 'ആഗോള വല്കരണ കാലത്തെ ക്യാമ്പസ്‌' - എഴുതിയത് സ. പി.രാജീവ്‌. SFIയുടെ മുന്‍ സംസ്ഥാന സെക്രട്ടറി.
കേരളത്തിലെ കാമ്പസുകളില്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ ഉണ്ടാക്കിയ അപചയത്തിന്റെ/അരാഷ്ട്രീയവല്‍ക്കരണത്തിന്റെ നേര്‍ചിത്രം
പകര്‍ത്തിയ മനോഹരമായ കൃതി. പക്ഷെ, ഈ അരാഷ്ട്രീയ ദുര്‍ഗന്ധം പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക കമ്മ്യൂണിറ്റിയിലെ
മോഡറേറ്റര്‍ തുടങ്ങിവെച്ച ചര്‍ച്ചയില്‍ വരെയെത്തുമെന്നു സ.രാജീവ്‌ പോലും അന്ന് കരുതിയിരിക്കില്ല.


പിതൃശൂന്യ കമ്മ്യൂണിറ്റികളിലൊന്നുമല്ല ചര്‍ച്ച വന്നിരിക്കുന്നത്, SFI അഖിലേന്ത്യാ ജന: സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ഇവരൊക്കെ മോഡറേറ്റര്‍ ആയ കമ്മ്യൂണിറ്റി യുടെ കോ- മോഡറേറ്റര്‍ തുടങ്ങി വെച്ച ചര്‍ച്ചയാണ്- PRANAYAM & SFI & CAMPUS & LIFE

http://www.orkut.co.in/Main#CommMsgs?cmm=616630&tid=5396280443565838771

തന്റെ പ്രണയിനി SFI ക്കാരിയല്ല; തനിക്കു പ്രസ്ഥാനത്തോളം പ്രിയപ്പെട്ടതാണ്(!!!) അവളും - സഖാക്കളേ -എന്ത് ചെയ്യും ??

തളത്തില്‍ ദിനേശന്‍ പണ്ട് വാരികയിലെ ഡോക്ടറോട് ചോദിച്ച ലൈനിലുള്ള കിടിലന്‍ ചോദ്യം !!!!

ടോപ്പിക്കിന്റെ തുടക്കത്തില്‍ സഖാവ് ചോദിച്ച ചോദ്യങ്ങള്‍ ഇവയൊക്കെയാണ് :
1)പ്രേമവും ‘പാര്‍ട്ടി’യും ഒരുമിച്ചു കൊണ്ടുപോകാന്‍ പറ്റുമോ ?
2)പ്രണയിക്കുന്ന പെണ്‍കിടാവ് a) അന്യമതസ്ത b)KSU ക്കാരി c) ജൂനിയര്‍ ഇവ ആയതുകൊണ്ട് വല്ല പ്രശ്നവുമുണ്ടോ ?
അനുഭവസമ്പന്നരായ സഖാക്കളുടെ ഉപദേശങ്ങളില്‍ നിന്ന് “തന്നെപ്പോലുള്ള പല സഖാക്കള്‍ക്കും” ഒട്ടേറെ പഠിക്കാനുണ്ടെന്ന അപേക്ഷയോടെ ഒന്നാം
പോസ്റ്റ് ചുരുക്കിയിരിക്കുന്നു.

ചോദ്യം പോസ്റ്റ് ചെയ്യേണ്ട താമസം, നാനാഭാഗത്തു നിന്നും ചോരതുടിക്കും സഹായഹസ്തങ്ങള്‍ നീണ്ടു. ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനം അടിന്തരമായി പരിഹരിക്കേണ്ട സമസ്യക്കുള്ള ഉത്തരങ്ങള്‍ പ്രവഹിച്ചു. പ്രസ്ഥാനം,പ്രേമം,പഠനം ഇവ മൂന്നും ആവശ്യമാണെന്നുണര്‍ത്തിച്ചു, സഖാക്കളിലൊരാള്‍. പ്രണയനൈരാശ്യത്തില്‍ ആത്മഹത്യ ചെയ്യുന്നവരല്ല
കമ്യൂണിസ്റ്റുകാര്‍ എന്ന് അടുത്ത സഖാ. Yes..You can !! എന്ന് അടുത്തത് (we shall overcome one day എന്ന് പറഞ്ഞില്ല- ഭാഗ്യം).
‘പാര്‍ട്ടി ഏതായാലും സ്നേഹമുണ്ടായാല്‍ മതി’-ലൈന്‍ ഗുരുവചനങ്ങള്‍. ആകെ മൊത്തം ഉപദേശങ്ങളുടെ ആറാട്ട്.

ഉപദേശങ്ങളോടൊക്കെ സ: ലോലന്‍ ക്രിയാത്മകമായി പ്രതികരിച്ചു. അവള്‍ സഖാവിനോട് ചോദിച്ച ഹൃദയഭേദകമായ ചോദ്യങ്ങള്‍ 6 എണ്ണം
ഉത്തരസഹിതം ( വായിച്ചാല്‍ നിങ്ങള്‍ കരഞ്ഞുപോകുമെന്ന മുന്നറിയിപ്പോടെ) ഉപദേശകരുടെ മുന്‍പാകെ സമര്‍പ്പിച്ചു . തനിക്കുവെട്ടാനുള്ള റബര്‍ അപ്പനപ്പൂപ്പന്മാര്‍ സമ്പാദിച്ചുവെച്ചിട്ടുണ്ടെന്ന വിവരം പൊതുജനസമക്ഷം വെളിപ്പെടുത്തി. പ്രണയസാഫല്യത്തിനായി എന്തു കടുംകയ്യും ചെയ്യാന്‍ മടിയില്ലെന്നും പിന്നെ തനിക്ക് കോളേജിലുള്ള ‘ഇമേജ്’ മാത്രമാണ് ഏകതടസ്സം എന്നും പ്രഖ്യാപിച്ചു.

ചര്‍ച്ച ഉത്തരോത്തരം പുരോഗമിച്ചു..

ഉത്തേജകമായി പഴയൊരു യൂണിറ്റ് സെക്രട്ടറിയുടെ അനുഭവ കഥ : പ്രണയത്തിനു വേണ്ടി പ്രസ്ഥാനത്തെ ത്യജിക്കാന്‍ തയ്യാറല്ലാതിരുന്നതുകൊണ്ട് സഖാവിന്റെ പ്ലസ്-റ്റു പ്രണയിനി വഴിപിരിഞ്ഞു ( ‘പിരിയുന്നു രാധികേ നാം രണ്ടു പുഴകളായ് / ഒഴുകിയകലുന്നു പ്രണയശൂന്യം ).
ലാത്തികള്‍-തോക്കുകള്‍ തൂക്കുമരങ്ങള്‍ക്കൊന്നും മുന്നില്‍ തോറ്റുകൊടുത്തിട്ടില്ലാത്ത സെക്രട്ടറി സഖാവ് ആഞ്ഞുപഠിച്ചു- മൂന്നാം റാങ്ക് വാങ്ങി കാമുകിയെ ഞെട്ടിച്ചു; കോളേജിലെത്തിയ കാമുകി അവിടത്തെ SFIനേതാവായി മാറി സഖാവിനേയും ഞെട്ടിച്ചു- ശുഭം !!.

കഥ വായിച്ച സ:കാമുകന്‍ ആവേശം കൊണ്ടു, ഉപദേശങ്ങള്‍ വീണ്ടും പ്രവഹിച്ചു.അവസാനം...
ഒക്റ്റോബര്‍ 30: കോളേജിലെ ആര്‍ട്സ് ഡേ.
ഡാന്‍സ് കഴിഞ്ഞിറങ്ങിയ കാമുകിയുടെ അടുത്തേക്ക് ഡാന്‍സ് ചെയ്യുന്ന കാലുകളുമായി സ:കാമുകന്‍ ( അതിനുള്ള ദ്രാവകം അഡ്വാന്‍സായി
വലിച്ചുകേറ്റി), അകമ്പടിയായി ‘നമ്മുടെ പാര്‍ട്ടി പിള്ളേരും’.
ഒന്നാംഘട്ട പ്രകടനത്തില്‍ തന്നെ പെണ്‍കുട്ടി വിരണ്ടു, വൈകുന്നേരം സംസാരിക്കാമെന്നു സമ്മതിച്ചു, വൈകുന്നേരം ഒരാഴ്ചക്കുള്ളില്‍
തീരുമാനമറിയിക്കുമെന്ന് ഉറപ്പുകൊടുത്തു.

ഒക്റ്റോബര്‍ 31: സ: ലോലന്റെ പോസ്റ്റ് : സഖാക്കളേ.. എന്റെ ജീവിതം നശിച്ചു.തുടര്‍ന്ന് ആന്റി-ക്ലൈമാക്സിന്റെ സംക്ഷിപ്ത വിവരണം, പെണ്‍കുട്ടിയുടെ അമ്മ ധീര സഖാവിന്റെ പിതാവിന്റെ ഓഫീസ്സില്‍ പോയി മകളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നു പറഞ്ഞത്രേ. അവസാനം ജീവിതം മടുത്തു എന്നൊരു സ്റ്റേറ്റ്മെന്റും സഖാവ് കൊടുത്തിട്ടുണ്ട്. താന്‍ നന്നാവാനും പഠിക്കാനും തീരുമാനിച്ച വിവരവും സഖാവ് വിളംബരപ്പെടുത്തിയിട്ടുണ്ട്. അവസാനം കാസ്ട്രോയെ ഉദ്ധരിച്ചു വിരാമം കുറിച്ചു : HISTORY WILL
ABSOLVE ME !!

ഒപ്പം, സഖാവ് ലോലനെ മരുമകനാക്കാന്‍ ഭാഗ്യം ലഭിക്കാത്ത ആ ഫാമിലി തീര്‍ത്തും ലോക്കല്‍ ഫാമിലി ആണെന്നും ഓഫീസില്‍ വരേണ്ടത് എങ്ങനെയാണെന്നോ കുടുംബത്തില്‍ വന്ന് സംസാരിക്കേണ്ടത് എങ്ങനെയാണെന്നോ അറിയാത്തവരാണെന്നും സഖാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
(അവളുടെ വീടിന്റെ വടക്കേപ്പുറത്തുള്ള തെങ്ങിലെ തേങ്ങയ്ക്ക് ഭയങ്കര പുളിയാണെന്ന് സൂചിപ്പിക്കാന്‍ എന്തോ, സഖാവ് വിട്ടുപോയി.)
..............................................................................................................................................

ഈ പറഞ്ഞതോ ഇതിലപ്പുറമുള്ളതോ ആയ ഏതു വിഷയവും ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും കണ്ണീരൊലിപ്പിക്കാനും അതു തുടക്കാനും, സഖാവ് ലോലനും സഹസഖാക്കള്‍ക്കും അവകാശമുണ്ട്. പക്ഷേ,മനോരമ ആഴ്ചപ്പതിപ്പിലെ വനിതാരംഗം-ചേച്ചി ചര്‍ച്ച ചെയ്യേണ്ട വിഷയത്തിന് SFIയുടെ ഔദ്യോഗിക(?) കമ്യൂണിറ്റി അതിനു വേദിയാകുമ്പോള്‍,റിതബത്ര ബാനര്‍ജി, സിന്ധു ജോയ്, ടി.വി.രാജേഷ് തുടങ്ങിയവര്‍ക്കൊപ്പം മോഡറേറ്റര്‍ സ്ഥാനം വഹിക്കുന്ന സഖാവ് പ്രണയം സൈബര്‍ സ്പേസില്‍ കരഞ്ഞുതീര്‍ക്കുമ്പോള്‍ അതു കണ്ടുനില്‍ക്കുക എന്നത് ചെറുതല്ലാത്ത ഒരു അലോസരം ഉണ്ടാക്കുന്നുണ്ട്- ഇത് ഒരു രോഗമാണോ ഡോക്ടര്‍ ???