Tuesday, July 7, 2009

ഒരു മാറാട് യാത്ര


ചതുപ്പുനിലത്തെ പ്രേതജലത്തില്‍

‍ചെതുമ്പലിനു മീതേ ചെതുമ്പലും

ചേറും മൌനവും നിറഞ്ഞ മോന്തയുമായി

വെറുപ്പ്

അടിക്കടി വളര്‍ന്നിരിക്കുന്നു


പാബ്ലോ നെരൂദ


സ്വേച്ഛാധിപതികള്‍- കാന്റൊ ജെനെറല്‍-



മാറാട് കടപ്പുറത്തെ ഉപ്പുരസമുള്ള കാറ്റില്‍ ചോരമണം കലര്‍ന്നത് പത്രത്തില്‍ വായിച്ചപ്പോള്‍ വന്ന ഓക്കാനത്തിന്റെ തികട്ടല്‍ ഇന്നും പോയിട്ടില്ലാത്തതു കൊണ്ടാണ് യാദ്ര്ശ്ചികമാണെങ്കിലും ഒരവസരം വന്നപ്പോള്‍ മാറാട് സന്ദര്‍ശിക്കാന്‍ ആവേശം തോന്നിയത്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കയ്യില്‍കിട്ടിയ പ്രിയസഖാവിനോട് സാര്‍വദേശീയ രാഷ്ട്രീയ കാലാവസ്ഥയുയറ്ത്തുന്ന വെല്ലുവിളികള് ചര്‍ച്ചചെയ്തു അവയ്ക്കുള്ള പരിഹാരം കൂടി ഏകദേശം കണ്ടുപിടിച്ചുകഴിഞ്ഞപ്പോഴേക്ക് പുലറ്ച്ചെ മൂന്നുമണിയായി. കോഴിക്കോട് ശിക്ഷക്സദന്‍ ആവാസവ്യവസ്ഥയിലെ കൊതുകുകള്‍ക്ക് ബുദ്ധിജീവികളെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്തതുകൊണ്ട് ലോകത്തവശേഷിച്ച വിഷയങ്ങള്‍ കൂടി ചര്‍ച്ചചെയ്യാന് ആ രാത്രി ഞങ്ങള്‍ മാറ്റിവെച്ചു. ( പിറ്റേന്നുള്ള UGC-NET പരീക്ഷ എഴുതേണ്ട എന്നു സുഹൃത്ത്‌ തീരുമാനിച്ചു, ഓക്സ്ഫഡിലോ, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലോ പോകേണ്ട നീ തുക്കടാ NET എഴുതേണ്ടതില്ല എന്നു ഞാന്‍‍ സമാധാനിപ്പിച്ചു-ശുഭം !!!)



ഞങ്ങളുടെ ചോരകുടിച്ചാര്‍മാദിച്ച കൊതുകുകള്‍ രാവിലെ ഉറങ്ങാന്‍ പോയപ്പോള്‍, ശിക്ഷക് സദനിലെ ബെഡ്ഷീറ്റെടുത്ത് പുതച്ച് ഞങ്ങളുറക്കം തുടങ്ങി,ഉണറ്ന്നപ്പോള്‍ പതിനൊന്നര, കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി, പാരഗണില് ലഞ്ച്ടൈം ആയി, (ഞങ്ങള്‍ക്ക് - ‘ബ്രഞ്ച്' ). ഭക്ഷണത്തിനിടെയാണ് മാറാട് ഒന്നുപോയാലോ എന്ന ആലോചന കടന്നുവന്നത്, ഇരുകാലിവണ്ടിയില്‍ പെട്രോളുണ്ട്, പിടിച്ചുനില്ക്കാനുള്ള നീളം നാക്കിനുമുണ്ട്- വണ്ടി നേരെ വിട്ടു.


ഒന്നാം വഴിചോദിക്കല്‍ തന്നെ ഒരനുഭവമായി, “ചേട്ടാ, ഈ മാറാടേക്കുള്ള……” വരെ ചോദ്യമെത്തിയപ്പോഴാണ് ചേട്ടന്റെ നെറ്റിയിലെ കുറി കണ്ടത്. പിന്നെ ചോദ്യങ്ങളിങ്ങോട്ടായി-ബേപ്പൂര് കാണാന്‍ പോകുന്നതിനൊപ്പം മാറാട് ബീച്ചുകൂടി കാണാനാണെന്നു പറഞ്ഞു, മാറാട് കാണാനൊന്നുമില്ലെന്നും ബേപ്പൂര് ഗംഭീരമാണെന്നും ചേട്ടന്റെ സൌമ്യമായ ഉപദേശം. താങ്ക്സിന്റെ കൂടെ അവിടെ ഇപ്പോഴും പ്രശ്നമുണ്ടോ എന്ന പരദേശിസംശയം അങ്ങോട്ടു ചോദിച്ചു,
“യെന്ത് പ്രശ്നം !!!”ചേട്ടന്‍ ചുണ്ട് വക്രിച്ച് ചിരിച്ചു.


ഗാര്‍ഡ്‌ ഓഫ് ഹോണര്‍ ഞങ്ങള് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ കേരളാപോലീസ് അത്ര മര്യാദയില്ലാത്തവരല്ലല്ലോ. ഒന്നാമത്തെ ചെക്പോസ്റ്റില് ഉജ്ജ്വലവരവേല്പ്പ്. സുഹൃത്ത്‌ ഹൈദരാബാദ് സെന്ട്രല് യൂണിവേഴ്സിറ്റി—സോഷ്യോളജി—റിസര്‍ച്ച് മേല്‍വിലാസം പറഞ്ഞു. പോലീസ് മാമന്മാരുടെ ശബ്ദത്തില്‍ അല്പം വാത്സല്യം കലര്‍ന്നു . ‘കുഴപ്പം’ നടന്ന കടപ്പുറം സന്ദറ്ശിക്കാന്‍ അനുമതി കിട്ടാനിടയില്ല എന്നവര്‍ പറഞ്ഞു, എന്നാലും സ്റ്റേഷനില് ചെന്നു SI യെ മുട്ടിനോക്കാന്‍ ഉപദേശിച്ചു.

മാറാട് സ്റ്റേഷനിലെത്തി, റിസപ്ഷന്‍ കൌണ്ടറില് ( കാലം പോയ പോക്കേ !!) ഇരുന്ന പോലീസുകാരന്‍ അഡ്രസ്സ് ഒന്നുകൂടി എഴുതിയെടുത്തു. അനന്തരം SIയുടെ മുറിയില്‍.. അദ്ദേഹം ആഗമനോദ്ദേശം ആരാഞ്ഞു-സംഗതി കേട്ടപ്പോള്‍ ഒന്നു ചിരിച്ചു, കരുണയോടെ.


പിന്നെ,എന്തുകൊണ്ട് ഞങ്ങള്‍ അങ്ങോട്ടു പോകരുതെന്ന് വിശദീകരിച്ചു.പുറത്തുനിന്നുള്ള ആളുകളുടെ സാനിദ്ധ്യം അവിടത്തുകാരിലുണ്ടാക്കിയേക്കാവുന്ന സംശയം, ആശങ്കകള്‍.. 24
മണിക്കൂറിലധികം ജോലിചെയ്യേണ്ടിവരുന്ന പട്രോളിങ്ങ് പോലീസുകാരില് നിന്നുണ്ടായേക്കാവുന്ന പെരുമാറ്റം..ഇതൊന്നും ഞങ്ങള്‍ക്ക് ശരിക്കങ്ങു ബോധ്യപ്പെടാഞ്ഞപ്പോള്‍ അദ്ദേഹം ഒരുദാഹരണം പറഞ്ഞു.

ആ പ്രദേശങ്ങളിലെ സാധാരണ കുശലാന്വേഷണങ്ങളില് ഒന്നാണ് -“എന്തേ “ എന്തൊക്കെയുണ്ട്, എന്താണ് വിശേഷങ്ങള്‍ എന്നൊക്കെ അര്‍ത്ഥം വരും. പക്ഷേ കാലം ആ വാക്കിനു വരുത്തിയ മാറ്റം ഭീതിദമാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ജയില്മോചിതരായ ഏതെങ്കിലും വ്യക്തി ചായകുടിക്കാന് കടയിലേക്കിറങ്ങുമ്പോള്‍ എതിരെവരുന്ന "എതിര്‍സമുദായക്കാരനോട്" (അവിടത്തെ പദാവലി അങ്ങനെയൊക്കെ ആയിട്ടുണ്ട് ) ‘എന്തേ’ എന്നു ചോദിച്ചാല് അതിന്റെ അര്‍ത്ഥം 'നിങ്ങളോക്കെകൂടി എന്നെ ജയിലിലാക്കിയിട്ട് ഇപ്പോ എന്തായി' എന്നാവും. പിന്നീടെന്താവുമെന്നത് അചിന്ത്യം.

എന്നാലും മുറിവുകളുണക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു എന്നദ്ദേഹം പറഞ്ഞു. പോലീസിന്റെ നേത്ര്ത്വത്തില് റസിഡന്റ് അസോസിയേഷനുകള്‍ രൂപികരിച്ച് നടത്തുന്നപ്രവറ്ത്തനങ്ങളെ കുറിച്ചുള്ള ഒരു ലഘുലേഖ അദ്ദേഹം തന്നു. ശേഷിക്കുന്ന അന്വേഷണതൃഷ്ണ തല്ക്കാലം മടക്കിക്കെട്ടി വണ്ടി തിരിച്ചോളൂ എന്ന ഉപദേശത്തോടെ അദ്ദേഹം ഉപസംഹരിച്ചു.




റോഡരികിലെ കാഴ്ചകള്‍, ചുവരെഴുത്തുകള്‍, ഫ്ലക്സ്ബോര്‍ഡുകള്‍ ഇവയൊക്കെ ചിലത് സ്ഥിരീകരിക്കുന്നുണ്ടായിരുന്നു. നാട്ടുകാരില് ഒരാളെയെങ്കിലും കാണണമല്ലോ, ഞങ്ങള്‍ അടുത്തുകണ്ട ചായക്കടയില് കയറി. അടിമുടി ഓലമേഞ്ഞ കെട്ടിടം, ബെഞ്ച്-ഡസ്ക്-രണ്ടുമൂന്നു സ്റ്റൂളുകള്‍. മിഠായിഭരണികള്‍,കുളി-അലക്കു സോപ്പുകള്‍, ചെറിയ കണ്ണാടിക്കൂട്ടില് പഴംപൊരി, കലത്തപ്പം.
വേലായുധേട്ടന് പ്രായം അറുപതിനോടടുത്തുണ്ടാവും, മുന്‍പ് നഗരത്തിലെ ഹോട്ടലുകളില് പണിക്കുനിന്നിട്ടുണ്ട്, ഇപ്പോള്‍ വീടിനു മുന്നില്‍ തന്നെയാണ് ചായപ്പീടിക നടത്തുന്നത്. “ബീച്ച് കാണാന് വന്നിട്ട്” പോലീസ് തടഞ്ഞതിലുള്ള നിരാശയും സങ്കടവും ഞങ്ങള് ഗോപാലേട്ടനോട് പങ്കുവെച്ചു. ബീച്ച് കാണാന്‍ മാറാട് വന്ന ചെക്കന്മാരുടെ വിഡ്ഢിത്തം ഓര്‍ത്തു വേലായുധേട്ടന്‍ ചിരിച്ചു. “ഈടയിപ്പം ആ ഭാഗത്തേക്ക് പോകാനേ പോലീസുകാറ് വിടില്ല“ ചെക്പോസ്റ്റുകള്ക്കു പുറമെ പതിനൊന്നോളം ഔട്ട്പോസ്റ്റുകള് മാറാടുണ്ടെന്ന പോലീസ് സ്റ്റേഷന് വിജ്ഞാനം ഞാനോറ്ത്തു.
അതിനിപ്പൊ കൊഴപ്പം കഴിഞ്ഞിട്ടു കുറെ നാളായില്ലേ, ഇനിയിപ്പമെന്താ എന്നു ഞങ്ങള്‍ സന്ദേഹിച്ചു- “ അതിങ്ങക്ക് തോന്ന്ന്നതല്ലേ “- ഒരു ദീറ്ഘനിശ്വാസത്തോടെ ചായ മുന്നില് വെച്ച് വേലായുധേട്ടന് ഞങ്ങള്ക്കരികിലെ ബെഞ്ചിലിരുന്നു. “ആള്ക്കാറെ മനസ്സില് ഇപ്പോം ….”


ങ്ഹേ… വേലായുധേട്ടന്റെ മനസിലും ?? ഞങ്ങളൊന്നു ഞെട്ടി.


ഇല്ല- ഈ പറഞ്ഞ ആള്ക്കാറില് വേലായുധേട്ടന് പെടില്ല, മാറാട് ഇടപെടല് ശേഷിയുള്ള ആള്ക്കാറ് ഇരുപക്ഷങ്ങളിലേതിലെങ്കിലും. അല്ലാത്തവറ്ക്ക് ഇടപെടാനുള്ള സ്ഥലികള്‍ നന്നേ ചുരുങ്ങിപ്പോയിരിക്കുന്നത്രേ.. ഗോപാലേട്ടനു ചെയ്യാനുള്ളത് കുഴപ്പക്കാരായ ആള്ക്കാരെ മനസ്സുകൊണ്ട് അകറ്റിനിറ്ത്തുക, വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു ( ഒന്നുകൂടി ചോദിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്നു പറഞ്ഞു) വോട്ട് ചെയ്യുക. വേലായുധേട്ടന്റെ പാര്‍ട്ടിക്ക് എന്തുകൊണ്ട് കുഴപ്പങ്ങള്‍ തടയാന് പറ്റുന്നില്ല എന്നു ചോദിച്ചപ്പോഴും അദ്ദേഹം സങ്കടപ്പെട്ടു “ ഈടത്തെ ഇപ്പത്തെ സ്ഥിതിയില് അതൊന്നും പറ്റൂല്ല”


അങ്ങനൊയൊരു 'സ്ഥിതി' സാക്ഷരസുന്ദരകേരളത്തില്‍ ഉണ്ടാവുന്നു, അതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അങ്ങനെ തുടരുന്നു, അവയെ ചെറുക്കേണ്ട പുരോഗമനപ്രസ്ഥാനങ്ങള്‍ നിസ്സഹായമായി നില്ക്കുന്നു…



വേലായുധേട്ടന്‍ വീണ്ടും തുടര്‍ന്ന് , പോലീസ് സാനിദ്ധ്യമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്, അതില്ലെങ്കിലുള്ള ഭയം, മാറാട്നിന്നു വിവാഹം കഴിക്കാന്‍ റിസ്ക്കെടുക്കാത്ത ചെറുപ്പക്കാര് തുടങ്ങി, കോഴിക്കോട് റിയാസിനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കില് ജയിച്ചേനെ എന്ന പ്രത്യാശ വരെ.


ചായ കുടിച്ചിറങ്ങാന്‍ നേരത്തു "ഇനിയിപ്പോ കാര്യങ്ങളൊക്കെ പതുക്കെ നേരെയാവുമെന്ന്" ഞങ്ങളുടെ കൂടി ഒരു സമാധാനത്തിനായി പറഞ്ഞപ്പോള് വേലായുധേട്ടന്റെ മുഖമിരുണ്ടു. “അതിങ്ങള്ക്കറിയാത്തോണ്ടാ..”കടപ്പുറത്തെ ‘ആള്ക്കാറുടടെ’ മനസ്സില് ഇപ്പോഴും പകയുണ്ടത്രെ..അതിനെ ഊതിക്കത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും അവിടെ നടക്കുന്നുമുണ്ടുപോലും. ഇനിയുമൊരു കൊയപ്പം വേലായുധേട്ടന്‍ ഭയക്കുന്നു..




വേലായുധേട്ടന്റെ ഭയങ്ങളെല്ലാം അസ്ഥാനത്താവട്ടെ.