Thursday, September 24, 2009

അടുക്കളയില്‍ നിന്ന് ഐസ്ക്രീം പാര്‍ലറിലേക്ക്...

ചെമ്മീന്‍ തുള്ള്യാ മുട്ടോളം
പിന്നെ തുള്ള്യാ ചട്ടീല്...


മുട്ടിനപ്പുറം ഉയര്‍ന്നു ചാടുന്ന ചെമ്മീനെ ആദ്യം ചട്ടിയിലും പിന്നെ വയറ്റിലുമാക്കുമെന്ന ചൊല്ലിനും, അങ്ങനെ ചൊല്ലിക്കൊണ്ടിരുന്ന പ്രമാണിമാരുടെ ഹുങ്കിനും ഓട്ട വീണിട്ട് കാലമേറെയായി. കാലവും കഥയും കാലാവസ്ഥയും ആകെ മാറിയ വിവരം ദുയിയാവിലെ പടപ്പുകളായ പടപ്പുകള്‍ക്കെല്ലാം തിരിഞ്ഞിട്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പച്ചത്തോണി കെട്ടിയിട്ട കുറ്റിയോടൊപ്പം ഇപ്പോഴും തിരുനക്കരെ തന്നെ.


ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ഗാന്ധിത്തൊപ്പിക്കാരന്‍ ജവഹര്‍ലാല്‍ നെഹ്രു. അല്ല, ഉറങ്ങുന്ന സിംഹമാണെന്ന് പറഞ്ഞത് അതിലും മുന്ത്യ തൊപ്പിക്കാരന്‍ സീ.എച്ച്. മുഹമ്മദ് കോയ. ഹയാത്തിലുണ്ടെന്ന് ഇടക്കിടെ വെളിപ്പെടുത്താറുണ്ടെങ്കിലും നിലപാടുകളുടെ കാര്യത്തില്‍ ലീഗിന്റെ തോണിക്കിപ്പൊഴും തിരുനക്കര പഞ്ചായത്ത് കടവിലെ കുറ്റീന്ന് അഴിഞ്ഞുപോരാന്‍ വല്ലാത്ത വൈക്ലബ്യം.


ചില്ലറക്കാരെക്കൊണ്ട് കൂട്ട്യാക്കൂട്ന്ന സംഗതികളൊന്നുമല്ല ഉറക്കത്തിനിടയിലും ലീഗ് സിംഹങ്ങള്‍ ചെയ്തോണ്ടിരിക്കുന്നത്, കേരളാ സംസ്ഥാന പ്രസിഡന്റിന്റെ പിന്നില്‍ അഖിലേന്ത്യാ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ള സിംഹങ്ങള്‍ അണിനിരക്കണം, അതിന്റേം പിന്നില്‍ ‘ഒട്ടകങ്ങള്‍ വരി വരി വരിയായ്’ എന്ന പാട്ടിന്റെ ചേലിക്ക് സമുദായത്തിലെ വയസായ സിംഹം തൊട്ട് വയസെത്താത്ത സിംഹം വരെ അണിനിരക്കണം. ( അതിനിടയില്‍ പുലിക്കുട്ടി എവിടെ നില്‍ക്കുമെന്നാലോചിച്ച്, മാലോകരേ..നിങ്ങള്‍ ബേജാറാകണ്ട ). പഞ്ചായത്ത് മെംബര്‍ മുതല്‍ കേന്ദ്രമന്ദ്രി വരെയുള്ള സ്ഥാനങ്ങള്‍ക്ക് ഒരലങ്കാരമായി നിന്നു കൊടുക്കണം. സമുദായത്തിന്റെ ആളോഹരിവരുമാനം ഉയര്‍ത്തുന്നത്തില്‍ വ്യക്തിപരമായ സംഭാവന അര്‍പ്പിക്കണം. കുട്ട്യോള്‍ക്ക് പഠിക്കാനുള്ള കിത്താബ് കത്തിച്ച് മലപ്പുറത്തിന്റെ തെരുവീഥികള്‍ക്ക് വെളിച്ചം പകരണം....

എണ്ണിയാ തീരൂല്ല !!!


സിംഹങ്ങള്‍ ഈ പറഞ്ഞ അമലുകളൊക്കെ ചെയ്യുമ്പോ, സിംഹികളെന്തു ചെയ്യണം ???

അടുക്കളയില്‍ നിന്ന് കിടപ്പറയിലേക്കും കിടപ്പറയില്‍ നിന്ന് അടുക്കളയിലേക്കും തുള്ളിക്കൊണ്ടിരിക്കുക,സിംഹങ്ങളെയും സിംഹികളേയും പെറ്റുകൂട്ടുക, കോയിബിരിയാണി ഉണ്ടാക്കി സിംഹങ്ങളെ ഊട്ടുക, അങ്ങനെ കൊശിയായിട്ട് കഴിയുക.

അതിനു മീതെയുള്ള തുള്ളല്‍ ഒരു സിംഹിയും കിനാക്കാണണ്ട.


സമുദായത്തിന്റെയും നാടിന്റെയും കാര്യം ലീഗ് സിംഹങ്ങള്‍ ഭദ്രമായി നോക്കിവരുമ്പോഴാണ് ഹമുക്കുകള്‍ പണി പറ്റിച്ചത്, വനിതാസംവരണം- തദ്ദേശസ്വയംഭരണ സ്താപനങ്ങളിലെ സീറ്റുകളില്‍ 33ശതമാനം പെണ്ണുങ്ങള്‍ക്ക്.

കുടുങ്ങി സിംഹങ്ങള്‍.

“എന്നാ അസ്സീറ്റൊക്കെ ഇങ്ങളെടുത്തോളീ കോണ്‍ഗ്രസ്സേ..” എന്നു പറയാനുള്ള വിവരക്കേടൊന്നും ലീഗുകാര്‍ക്കില്ല. പഞ്ചായത്ത് ഫയലുകള്‍ അടുക്കളപ്പുറങ്ങളിലേക്ക് പറന്നുതുടങ്ങി, കൂട്ടാങ്കലം അടുപ്പത്തുനിന്ന് വാങ്ങിവെച്ച് ബീവിമാര്‍ ഫയലുകളില്‍ തുല്യം ചാര്‍ത്തി. അടുക്കളകാര്യം എടങ്ങേറിലാവാതെ തന്നെ ലീഗ് കുടുംബങ്ങളിലെ മഹിളാമണികള്‍ പഞ്ചായത്ത്ഭരണം നിര്‍വഹിച്ചുപോരുന്നു.


അതിനിടയില്‍ ദാ വരുന്നു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റും വനിതകള്‍ക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ബില്‍!!

സംസ്ഥാനത്താകെ ഗ്രാമപഞ്ചായത്ത് 999,ബ്ലോക്ക് പഞ്ചായത്ത് 152,നഗരസഭ 54,പിന്നെ ജില്ലാപഞ്ചായത്തുകളും കോര്‍പറേഷനുകളും, ആകെ മൊത്തം ടോട്ടല്‍ സീറ്റ് : 20,554. ഇതിന്റെ നേര്‍പകുതി പെണ്ണുങ്ങള്‍ക്ക്.


ഹലാക്കിന്റെ അവിലും കഞ്ഞീം !!!


ഇത്രേം പെണ്ണുങ്ങളെ എവിടെച്ചെന്നുണ്ടാക്കും ??

മൂത്തലീഗിനെ പോഷിപ്പിക്കാന്‍ യൂത്ത് ലീഗ് തൊട്ട് എം.എസ്.എഫ്, എസ്.ടി.യു, കെ.എസ്.റ്റി.യു, കെ.എം.സി.സി, പ്രവാസിലീഗ്, ദലിത് ലീഗാദി പട സുസജ്ജമാണ്.കൂട്ടത്തില്‍ വര്‍ഷം പതിനെട്ടായി വനിതാലീഗെന്നൊരു സംഗതിയുമുണ്ട്-കടലാസില്‍.
ലീഗിന്റെ സംസ്താന പ്രവര്‍ത്തകസമിതിയില്‍ മേല്പറഞ്ഞ പോഷകന്മാരുടെയൊക്കെ തല ഹാജരുണ്ടാവും, വനിതാലീഗിന്റേതൊഴികെ.ലീഗ് മുതല്‍ എം.എസ്.എഫ് വരെ പൂവന്‍ കോയികള്‍ക്കു മാത്രം കൊത്തിപ്പെറുക്കാനുള്ള തട്ടകം,പിന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നോമിനേഷനിലും ശേഷം പഞ്ചായത്ത് ഫയലുകളിലും ‘ഒപ്പുവെക്കാനുള്ള’പിടകളെ എവിടന്നു കിട്ടാന്‍..


എന്നാപ്പിന്നെ ഓലെക്കൂടി കൂടെ കൂട്ട്യാലെന്താ...?

ശരിയാവൂല്ലാ..അതിന് കാരണമുണ്ട്.

എന്ത് കാരണം....???

അങ്ങനെ ആരേലും ചോയിച്ചാ, കെ.ടിയുടെ നാടകത്തിലെ ( ‘ഇത് ഭൂമിയാണ്’-കെ.ടി.മുഹമ്മദ്) ഹസ്സന്‍ കോയയുടെ പാട്ട് ലീഗുകാരന്‍ ഒന്നുംകൂടി പാടും


“ഹവ്വാ ഉമ്മയ്ക്കുപിഴച്ച്
ആദം പഴമൊന്നു കഴിച്ച്
അതിനന്നു കാരണമായത്
ഇബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...


ബുദ്ധിക്കും കുറവുണ്ടായി
സ്വത്തവകാശം കുറവായി
കുറവില്‍ കുറവില്ലാ കാരണ-
മിബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...


പെണ്ണൊന്നിനു പറ്റിയ തെറ്റ്
പെണ്ണുങ്ങള്‍ക്കാകെയുമേറ്റ്
കരകയറാതാവാന്‍ കാരണ-
മിബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...”


ഹത് ശരി, ഇമ്മാതിരി ഇബ് ലീസുകളോട് സംസ്താന കമ്മറ്റീലിരിക്കാണ്ട് കുടീപ്പോയി കുത്തിരിക്കാന്‍ പറയണ്ടേ എന്നാരേലും ചോയിച്ചാ, അങ്ങനുള്ളോല്ക്കാണ് മക്കളേ ജഹന്നമെന്ന നരകം !!!


പിടക്കോഴികളുടെ ഗാനമേള സംഘടിപ്പിക്കാന്‍ ലീഗ് ശ്രമിച്ചപ്പോഴൊക്കെ അങ്ങനെ വല്ലതും സംഭവിച്ചാല്‍ ദുനിയാവാകെ കുലുമാലിന്റെ ആപ്പീസാകുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്കു കൊടുത്തത് ‘സമസ്ത കേരള സുന്നി യുവജന സംഘം’. അതിന്റെ സംസ്താന പ്രസിഡന്റ് ജനാബ്. പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍, ഇദ്ദേഹം തന്നെയാണ് ഇപ്പോ മൂത്ത ലീഗിന്റെ തലപ്പത്ത്.


അപ്പോ, പഞ്ചായത്താപ്പീസ് അടുക്കളപ്പുറത്തേക്ക് മാറ്റിയായാലും ഭരണം ഞമ്മള് സൂച്ചിക്കും. പക്ഷേ, അടുക്കളേന്ന് പൊറത്തുകടന്നുള്ള വിമോചനമൊന്നും ഞമ്മളെ പെങ്കുട്ട്യോള്‍ക്ക് വേണ്ട.. ഇനി അടുക്കളേന്ന് പൊറത്തുകടക്കണംന്ന് അത്രേം പൂതിയുള്ള വിമോചനക്കാരികള്‍ ആരേലുമുണ്ടേല്‍ ഓല് ഐസ്ക്രീം പാര്‍ലറിലേക്ക് പോരട്ടെ, ഓല്ക്കൊള്ള പണി ഞമ്മള് കൊടുക്കാം. ഹല്ല പിന്നെ...