Wednesday, January 13, 2010

നായനാര്‍ സഖാവിന്റെ DEAL

നേതാക്കളുണ്ടാകുന്നത് രണ്ട് വിധമാണത്രേ- ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും.


ജന്മം കൊണ്ട് മാത്രം നേതാക്കളായവര്‍ക്കെതിരെ നയിച്ച കലാപങ്ങളാണ്, വിപ്ലവചരിത്രത്തിലെ നേതാക്കള്‍ ചെയ്ത കര്‍മ്മം. ചിലര്‍ക്ക് ജന്‍മനാനേതൃത്വം പതിച്ചുകൊടുക്കുന്ന ഫ്യൂഡല്‍ മൂല്യബോധത്തെ ആശയപരമായി മാത്രമല്ല, കര്‍മ്മമണ്ഡലത്തിലും പ്രതിരോധിച്ചുകൊണ്ടാണ്
മറ്റെവിടെയുമെന്നപോലെ കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വധീനമുറപ്പിച്ചത്. പോരാട്ടവഴിയില്‍ മുന്‍പേനടന്നവരുടെ ഓര്‍മപുതുക്കാനും അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സാര്‍ത്ഥകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജംപകരാനും നേതാക്കളുടെ സ്മരണാദിനങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി
ആചരിക്കാറുണ്ട്. പുലര്‍കാലത്ത് ചെങ്കൊടിയേന്തി ഗ്രാമവഴികളിലൂടെ പ്രഭാതഭേരി മുഴക്കി നീങ്ങുന്ന ജാഥകള്‍
ഇ.എം.എസ്സ്,എ.കെ.ജി,കൃഷ്ണപിള്ള,നായനാര്‍- ദിനങ്ങളിലൊക്കെ ഇന്നും സാധാരണമാണ്.

ഈ നേതാക്കളുടെ ജന്മദിനങ്ങളല്ല,ചരമദിനങ്ങളാണ് സ്മരണാദിനങ്ങളായി ആചരിക്കാറുള്ളത്, കാരണം ജീവിതപോരാട്ടത്തില്‍ അവര്‍ നേടിയതും
മരിക്കുമ്പോള്‍ അവര്‍ അവശേഷിപ്പിച്ചുപോകുന്നതുമായ നന്മകളാണ് ആ സ്മരണാദിനങ്ങളില്‍ ഓര്‍മിക്കപ്പെടുന്നത്.


ഇക്കഴിഞ്ഞ ജനുവരി.3-നു നടന്ന ദേശാഭിമാനി സബ്എഡിറ്റര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലെ ഒരു ചോദ്യം സ: ഇ.എം.എസ്സിന്റെ ജന്മദിനം എന്നാണ്- എന്നതായിരുന്നെന്ന് പരീക്ഷയെഴുതിയ സുഹൃത്ത്‌ പറഞപ്പോള്‍ മനസിലൂടെ പോയ ചിന്തകളാണിവ.


ഡിസംബര്‍ 9-നാണ് സ: നായനാര്‍ ജനിച്ചത് എന്ന വിവരം എനിക്കു ലഭിച്ചത് ഇന്നലെയാണ്, അതുകൊണ്ടാണത്രേ സൂര്യാ ടി.വിയിലെ
‘DEAL OR NODEAL' മത്സരത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ശ്രീ.കൃഷ്ണകുമാര്‍ 9-നമ്പര്‍ പെട്ടി ആദ്യം തിരഞ്ഞെടുത്തത്.



കണ്ണീര്‍സീരിയല്‍- റിയാലിറ്റി ഷോ നിലവാരത്തില്‍ പരസ്യറേറ്റിങ്ങുള്ള പരിപാടിയാണ് നടന്‍ മുകേഷ് അവതരിപ്പിക്കുന്ന ഭീമാ ജുവലേഴ്സ്-DEAL OR NODEAL. നിരന്നുനില്‍ക്കുന്ന 24 സുന്ദരിമാരുടെ കയ്യിലിരിക്കുന്ന പെട്ടികള്‍ ഓരോന്നായി തുറക്കലാണ് മത്സരം. പറശ്ശിനിമുത്തപ്പന്‍ തുണച്ചാല്‍ പെട്ടിയിലുള്ള ലച്ചങ്ങള്‍ കൂടെപ്പോരും.

പറശ്ശിനി മഠപ്പുരയിലെ ഉത്സവത്തിന് കല്യാശേരിക്കാരന്‍ കൃഷ്ണകുമാര്‍ ‘ചട്ടി’ കളിച്ചിട്ടുണ്ടോ എന്നറിയില്ല, സംഗതി പാവപ്പെട്ടവന്റെ ചൂതാട്ടമാണ്-
പോലീസ് പിടിക്കും. ലുങ്കിയുടുത്ത അരപ്പട്ടിണിക്കാരനുപകരം കോട്ടിട്ട മുകേഷും 24 തുണിയില്ലാപ്പെണ്ണുങ്ങളും നിരന്നു നില്‍ക്കുന്ന ചാനലിലെ
ഗ്ലോറിഫൈഡ് ചട്ടികളിയില്‍ പക്ഷേ അങ്ങോട്ട് കാശൊന്നും കൊടുക്കണ്ട, കിട്ടുന്നതൊക്കെ ലാഭം!


9-നമ്പര്‍ പെട്ടിയില്‍ തുടങ്ങിയ കളി പുരോഗമിച്ചുകൊണ്ടിരിക്കെ മുകേഷ് നായനാരെ അനുസ്മരിച്ചു. രാഷ്ട്രീയക്കാരനെന്ന നിലയിലോ ഭരണകര്‍ത്താവെന്ന നിലയിലോ അല്ല, ഹ്യൂമര്‍ സെന്‍സ് ഉള്ള മനുഷ്യന്‍ എന്ന നിലയിലാണ് നായനാരെ ‘ഞങ്ങള്‍ സിനിമാക്കാര്‍’ ഓര്‍ക്കുന്നത് എന്നു
മുകേഷ്- കൂടെയൊരുദാഹരണവും.

പണ്ട് സിനിമാതൊഴിലാളികളെല്ലാം കൂടി തിരുവനന്തപുരത്ത് ഒരു അവകാശസംരക്ഷണ ജാഥ നടത്തിയത്രേ, സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി നായനാരെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കമന്റ് : നന്നായി ആളു കൂടിയിട്ടുണ്ടല്ലോ, പക്ഷേ ഉണ്ണിമേരിയുടെ ഡാന്‍സ് വെച്ചിരുന്നെങ്കില്‍
ഇതിനെക്കാളും ആളുകൂടിയേനേ...

തൊഴിലാളി ജാഥയോട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന ചോദ്യം ന്യായം, പക്ഷേ പറഞ്ഞത് സിനിമാക്കാരന്‍
മുകേഷായതുകൊണ്ട് ക്ഷമിക്കാം



ഉരുളയ്ക്കുപ്പേരിയായി കൃഷ്ണകുമാര്‍ അനുസ്മരിച്ചത് അച്ചന്റെ പ്രസിദ്ധമായ ചായകുടി-ബലാത്സംഗം ഡയലോഗ് !!- നര്‍മത്തിന്റെ ആനുകൂല്യം എത്രതന്നെ കൊടുത്താലും തികച്ചും സ്ത്രീവിരുദ്ധമാണ് ആ പരാമര്‍ശം. ഒരു ഭരണാധികാരി അത്ര ലാഘവത്തോടെ പറയുമ്പോള്‍ വിശേഷിച്ചും.


ഇത്തരം നാക്കുപിഴകള്‍ നായനാര്‍ക്ക് പലപ്പോഴും പറ്റിയിട്ടുണ്ട്, ആ പച്ചമനുഷ്യന്റെ നിഷ്കളങ്കത തൊട്ടറിഞ്ഞ കേരളീയര്‍ അതു ക്ഷമിച്ചിട്ടുമുണ്ട്, പക്ഷേ അത്തരം നാക്കുപിഴകള്‍ ഒരു മഹാനര്‍മ്മമായി അവതരിപ്പിക്കുന്ന സീരിയലുകാരന്‍ മകനോട് ക്ഷമിക്കവയ്യ.


ഉറുപ്യ കുറേ എണ്ണിത്തരുന്നതല്ലേ, ‘മുകേഷേട്ടനെ’ സുഖിപ്പിക്കാനും അദ്ദേഹം മറന്നില്ല - അച്ചന്‍ മരിച്ചതില്‍ പിന്നെ, അമ്മ ഉള്ളുതുറന്ന് ചിരിച്ചത് (!)
മുകേഷ് കഥകള്‍ വായിച്ചാണത്രേ!!


കളിക്കൊടുവില്‍ കൃഷ്ണകുമാര്‍ വീട്ടില്‍ കൊണ്ടുപോയത് രൂപാ 1,73,000/ കറക്കിക്കുത്തിയോ (അതോ ന്യൂമറോളജി നോക്കിയോ) നാല്
നമ്പറുകളുരുവിടുന്നത് എന്തായാലും ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപാ കൂലികൊടുക്കാവുന്ന അദ്ധ്വാനമല്ല. ടി.വി.ചാനല്‍ ഉത്പാദനോപകരണമായും
കറക്കിക്കുത്ത് അദ്ധ്വാനശക്തിയുടെ വില്പനയായും നായനാര്‍പുത്രനെ മുതലാളിത്തനുകത്തിന്‍ കീഴിലെ തൊഴിലാളിയായും കണക്കാക്കാം, ഉല്പന്നം
മേലനങ്ങാതെ കാശുണ്ടാക്കാനുള്ള ആര്‍ത്തിയെ ഉദ്ദീപിപ്പിക്കുന്ന ചാനല്‍ ഷോയും. അപ്പോള്‍, കൃഷ്ണകുമാറിന്റെ അക്കൌണ്ടില്‍ വരവുവെച്ച ആ തുകയെ നമുക്ക് ഏത് കള്ളിയില്‍ കൊള്ളിക്കാം? പണ്ട് നായനാരുടെ
ചിതാഭസ്മനിമഞ്ജനത്തിനെതിരേ കവിതയെഴുതിയ പഴയ പു.ക.സ ഉമേഷ്ബാബു സഖാവിനോടു ചോദിച്ചാലോ...!!

2 comments:

  1. പഴയ പു.ക.സ ഉമേഷ്ബാബു ഉത്തരം പറയും
    ഇങ്ങനേയും ഒരു ക്രിഷ്ണനോ???

    ReplyDelete
  2. നന്നായിട്ടുണ്ട് ചക്കരേ പതിവുപോലെ..
    അന്നെ കാണാന്‍ കിട്ടണില്ല്യല്ലോ ചങ്ങായീ..നാട്ടിലൊരാള്‍ അന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു കൊറേ കാലമായി..

    ReplyDelete